തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ ബിസിനസ് ക്ലാസ് ലക്ഷ്വറി ബസുമായി കെഎസ്ആർടിസിയും. അടുത്തയാഴ്ച മുതൽ തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ബിസിനസ് ക്ലാസ് ലക്ഷ്വറി ബസ് സർവീസ് തുടങ്ങും. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുന്നതിന് പിന്നാലെ പുലർച്ചെ 5.15-ന് ശേഷം ബസ് കൊച്ചിക്ക് തിരിക്കും. സമാനമായ രീതിയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ 10 മണിക്ക് മുൻപായി ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് യാത്ര. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുണ്ടാവുക. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യൻ യാത്രാസങ്കല്പങ്ങളിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണ് കെഎസ്ആർടിസിയെ ഇത്തരമൊരു അത്യാധുനിക സർവീസിനായി പ്രേരിപ്പിച്ചത്. വന്ദേഭാരതിന്റെ വരവോടെ ഹൈസ്പീഡ്, ലക്ഷ്വറി യാത്രകളോട് മലയാളി കാണിച്ച താല്പര്യം തിരിച്ചറിഞ്ഞാണ് സമാനമായ സൗകര്യങ്ങൾ ബസ് സർവീസിലും ലഭ്യമാക്കാൻ വകുപ്പ് തീരുമാനിച്ചത്.
വന്ദേഭാരത് എക്സ്പ്രസ്സുകളിലെ എക്സിക്യൂട്ടീവ് ക്ലാസിന് സമാനമായ സൗകര്യങ്ങളാണ് ഈ ബസുകളിലും ഒരുക്കിയിരിക്കുന്നത്.കൂടാതെ ഇൻ-ബിൽറ്റ് ശുചിമുറി, കഫറ്റീരിയ, പാൻട്രി എന്നിവ യാത്രക്കാർക്കായി സജ്ജീകരിച്ചിരിക്കുന്നു. വിമാനങ്ങളിലേയും വന്ദേഭാരതിലേയും മാതൃകയിൽ യാത്രക്കാരെ സഹായിക്കാൻ ‘ബസ് ഹോസ്റ്റസ്’ സേവനം ലഭ്യമാകും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര ബസുകളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരിക്കും.















