ബിഷ്ണുപൂര്‍: പശ്ചിമ ബംഗാളിലെ ക്രൂരമായ ഭരണകൂടത്തിനെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണ് ബിജെപി റാലികളിലെ ജനപങ്കാളിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്ണുപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസിനും (ടിഎംസി) കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു.
ബംഗാളിലെ പെണ്‍മക്കള്‍ എംഎല്‍എമാരും എംപിമാരുമാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ സ്ത്രീ സംവരണ ബില്ലിനെ എതിര്‍ത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസിത ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 2029 മുതല്‍ സ്ത്രീ സംവരണം നടപ്പിലാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സ്വന്തമായി വീടില്ലാത്ത സ്ത്രീകള്‍ക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കുന്നതിനായി 1.5 ലക്ഷം രൂപ വീതം നല്‍കും. പാവപ്പെട്ടവര്‍ക്ക് നിലവിലുള്ള സൗജന്യ റേഷന്‍ പദ്ധതി തുടരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കൊല്‍ക്കത്ത ഹൈക്കോടതി പലതവണ സര്‍ക്കാരിനെ ചോദ്യം ചെയ്തിട്ടും മമത സര്‍ക്കാര്‍ കോടതിയെ അനുസരിക്കുന്നില്ലെന്ന് മോദി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്‌ക്കുകയാണെന്നും ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ അവര്‍ അപമാനിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്കും ‘സിന്‍ഡിക്കേറ്റുകള്‍ക്കും’ പ്രധാനമന്ത്രി കര്‍ശന മുന്നറിയിപ്പ് നല്‍കി. ‘ടിഎംസി ഗുണ്ടകള്‍ക്ക് ഞാന്‍ നല്‍കുന്ന അവസാന അവസരമാണിത്. ഏപ്രില്‍ 29-നകം നിങ്ങള്‍ കീഴടങ്ങണം. മെയ് 4-ന് ശേഷം ആരെയും വെറുതെ വിടില്ല,’ അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ ജനങ്ങള്‍ ‘ബംഗാള്‍ ടൈഗറുകളെപ്പോലെ’ കരുത്തരാണെന്നും തൃണമൂല്‍ നേതാക്കളുടെ ഭീഷണി കലര്‍ന്ന ഭാഷ അവരുടെ പരാജയഭീതിയാണ് കാണിക്കുന്നതെന്നും മോദി പരിഹസിച്ചു. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍. ബിഷ്ണുപൂരിന് പുറമെ പുരുലിയ, ഝാര്‍ഗ്രാം, മേദിനിപൂര്‍ എന്നിവിടങ്ങളിലും പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്.















