ലഖ്നൗ: ഉത്തര്‍പ്രദേശിലെ വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വിപ്ലവകരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലുടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന രീതിക്ക് സര്‍ക്കാര്‍ അന്ത്യം കുറിച്ചു. ഊര്‍ജ്ജ സംവിധാനം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലും പെട്ടെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല. 2 കിലോവാട്ട് വരെ ലോഡ് ഉള്ളവര്‍ക്ക് 200 രൂപയുടെ ഉപയോഗം വരെയോ അല്ലെങ്കില്‍ പരമാവധി മൂന്ന് ദിവസം വരെയോ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കും.
സാങ്കേതിക സമിതിയുടെ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനത്ത് പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവയ്‌ക്കാന്‍ ഊര്‍ജ്ജ മന്ത്രി എ.കെ. ശര്‍മ്മ ഉത്തരവിട്ടു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാലന്‍സ് നെഗറ്റീവ് ആയാല്‍ പോലും ഒരു കാരണവശാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കളെ സഹായിക്കാന്‍ അഞ്ച് ഘട്ടങ്ങളിലായുള്ള എസ്.എം.എസ് അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. ബാലന്‍സ് 30 ശതമാനമാകുമ്പോള്‍ തുടങ്ങുന്ന മുന്നറിയിപ്പുകള്‍, ബാലന്‍സ് തീര്‍ന്ന ശേഷവും തുടരും.
പുതുതായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചവര്‍ക്ക് 45 ദിവസത്തെ ‘ട്രാന്‍സിഷന്‍ പിരീഡ്’ അനുവദിച്ചു. ഈ കാലയളവില്‍ യാതൊരു കാരണവശാലും കണക്ഷന്‍ വിച്ഛേദിക്കില്ല. സ്മാര്‍ട്ട് മീറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഐ.ഐ.ടി കാണ്‍പൂരിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. പത്ത് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമേ കൂടുതല്‍ മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഉപഭോക്താക്കളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ടോള്‍ ഫ്രീ നമ്പറായ 1912-ന് പുറമെ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്ററുകളെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തടയാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
ഉപഭോക്താക്കളോട് മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും സാങ്കേതിക വിദ്യ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ളതാകരുത് എന്നും യോഗി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ സന്ദേശം നല്‍കി.















