പുനലൂർ: നഗരത്തിൽ കുറച്ചുനാളത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും മോഷണ പരമ്പര. കലയനാട് ചൂരോട് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. പ്രദേശവാസികളായ ദീപു,സുഗുണൻ, പോൾ എന്നിവരുടെ വീടുകളിലാണ് കവർച്ച ഉണ്ടായത്.
സുഗുണന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും ദീപുവിന്റെ വീട്ടിലെ സൈക്കിളും മോഷ്ടാക്കൾ അപഹരിച്ചെങ്കിലും, ശബ്ദം കേട്ടുണർന്ന സുഗുണൻ ബഹളം വെച്ചതോടെ ഇവ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, പോളിന്റെ വീടിന്റെ മുൻവാതിലും പിൻവാതിലും കുത്തിപ്പൊളിച്ച് ഉളളിൽ കയറിയ സംഘം ചെമ്പുപാത്രങ്ങൾ കവർന്നു.
മോഷ്ടാക്കൾ വീടുകൾക്ക് മുന്നിൽ നിരീക്ഷണം നടത്തുന്നതിന്റെയും വാഹനങ്ങൾ കടത്തികൊണ്ടു പോകുന്നതിന്റെയും ദൃശൃങ്ങൾ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളാണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, പുനലൂർ പോലീസ് അന്വേഷണത്തിൽ വലിയ വീഴ്‌ച്ച വരുത്തുന്നതായി നാട്ടുക്കാർക്കിടയിൽ ശക്തമായ ആക്ഷേപമുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് വാളക്കോട് ഭാഗത്ത് വ്യാപകമായി മോഷണം നടത്തി സ്വർണമടക്കം കവർന്നവരെയോ, ആറുമാസം മുമ്പ് മുസാവരി പ്രദേശത്ത് ആയുധങ്ങളുമായി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയവരെയോ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ഒരു മാസം മുമ്പ് നഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിലും എം.എൽ.എ റോഡിലെ സൈക്കിൾ കടയിലും നടന്ന മോഷണങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ മോഷ്ടാക്കൾക്ക് തഴച്ചുവളരാൻ അവസരമൊരുക്കുകയാണെന്നും, രാത്രികാല പെട്രോളിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.















