നാസിക്: രാജ്യത്തെ പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മഹാരാഷ്‌ട്രയിലെ നാസിക് ബ്രാഞ്ചില്‍ വനിതാ ജീവനക്കാര്‍ നേരിടുന്നത് കടുത്ത മാനസിക പീഡനവും ലൈംഗികാതിക്രമവുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ട്രെയിനര്‍മാര്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു യുവതി കൂടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമം, അശ്ലീല ചുവയുള്ള സംസാരം, ശാരീരിക ഉപദ്രവം തുടങ്ങിയ പരാതികളില്‍ എച്ച്ആര്‍ മേധാവി ഉള്‍പ്പെടെ എട്ടുപേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
2025 ജൂണില്‍ അസോസിയേറ്റ് ആയി ജോലിയില്‍ പ്രവേശിച്ച യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹശേഷം ഭര്‍ത്താവ് പൂനെയില്‍ ജോലി ചെയ്യുന്നതിനാല്‍ നാസിക്കിലെ ഭര്‍തൃവീട്ടില്‍ താമസിച്ചാണ് ഇവര്‍ ജോലിക്ക് എത്തിയിരുന്നത്. എന്നാല്‍ പരിശീലന കാലയളവില്‍ തന്നെ ട്രെയിനര്‍മാരായ ഷാരൂഖ് ഖുറേഷി, ജയേഷ് ഗുഞ്ജല്‍ എന്നിവരില്‍ നിന്നും ലോണ്‍ ബ്രാഞ്ച് ടീം ലീഡറായ റസാ മേനോനില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായതായി യുവതി വെളിപ്പെടുത്തി.
ട്രെയിനിംഗുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും റസാ മേനോന്‍ സ്ഥിരമായി പരിശീലന മുറിയില്‍ എത്തുകയും യുവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മോശം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് കൂടെയില്ലാത്തതിനെക്കുറിച്ചും വിവാഹശേഷമുള്ള സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും അശ്ലീല ചുവയോടെ സംസാരിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ജോലിസ്ഥലത്ത് യുവതിയെ മാനസികമായി തളര്‍ത്താന്‍ ‘പ്ലെയര്‍’ എന്ന വിളിപ്പേര് നല്‍കി റസാ മേനോന്‍ പരിഹസിക്കുമായിരുന്നു. പരാതിക്കാരിക്ക് ജോലിയില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടായാല്‍ ട്രെയിനറായ ഖുറേഷി മനഃപൂര്‍വം റസായെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് പരിഹസിക്കുകയും ചെയ്യുമായിരുന്നു. അക്രമം വാക്കുകളില്‍ മാത്രം ഒതുങ്ങിയില്ലെന്നും യുവതി പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഗുഡി പഡ്വ ആഘോഷത്തിന്റെ ഭാഗമായി സാരി ധരിച്ച് ഓഫീസിലെത്തിയപ്പോള്‍, റസാ മേനോന്‍ യുവതിയുടെ സാരിയില്‍ പിടിച്ചു വലിക്കുകയും പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ മൊഴിയിലുള്ളത്.
സംഭവം വിവാദമായതോടെ ടിസിഎസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. റസാ മേനോന്‍ (ടീം ലീഡര്‍), ഷാരൂഖ് ഖുറേഷി (ട്രെയിനര്‍), അശ്വിനി ചൈനാനി (എച്ച്ആര്‍ മേധാവി), ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തര്‍, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാരി, ജയേഷ് ഗുഞ്ജല്‍ എന്നിവര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മതപരിവര്‍ത്തന ശ്രമം നടന്നതായും ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് അതീവ ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതല്‍ യുവതികള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.















