കോഴിക്കോട്: എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ. ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറായ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്നാണ് മൂന്നുപേരെയും പിടികൂടിയത്. ഇവരുടെ കൈവശം വിൽപ്പനയ്‌ക്കായി കരുതിയ 108.28 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു.
മുൻപും എം.ഡി.എം.എ. കേസിൽ അമൽ പിടിയിലായിട്ടുണ്ട്. ഇതുകൂടാതെ ഒട്ടേറെ കേസുകളിലും ഉൾപ്പെട്ടയാളാണ് ഇയാൾ. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് യുവാക്കൾക്ക് ലഹരി വിൽപ്പന നടത്തുകയെന്ന രീതിയാണ് ഇയാൾക്കുളളത്. പോലീസ് സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിലാണ് ഇവർ മുറിയെടുത്ത് താമസിക്കുന്നത്.
എസ്.ഐ.മാരായ വി.കെ. ഏലിയാസ്, എ.വി. ബിജു, എ.എസ്.ഐ.മാരായ ഇ. ജമീല, എം.വി. ജയശ്രീ, സി.പി.ഒ.മാരായ പി. ശ്രുതി, ഫസൽ, ഡാൻസാഫ് എസ്.ഐ. മനോജ് എടയടത്ത്, എ.എസ്.ഐ. കെ. അഖിലേഷ്, എസ്.സി.പി.ഒ. സുനോജ്, സി.പി.ഒ.മാരായ സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.















