തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സേന ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നത് സംബന്ധിച്ച് പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി.
അതേസമയം. സംഭവത്തിൽ കോസ്റ്റുഗാർഡിന്റെ വിശദീകരണം പുറത്തുവന്നിട്ടുണ്ട്. ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായി ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നതല്ലെന്നും അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നുമാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം.
റഡാർ സംവിധാനത്തിൽ അല്ല ഹെലികോപ്റ്റർ സഞ്ചരിച്ചത്. പൂർണമായി ഗ്ലാസ് കൊണ്ട് മറച്ച ഹെലികോപ്റ്റർ മുമ്പിലുള്ള കാഴ്ചകൾ കണ്ട് മാത്രമാണ് സഞ്ചരിക്കുന്നത്. മേഘങ്ങൾ കൂടിയപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും കോസ്‌റ്റ് ഗാർഡ് വിശദീകരിക്കുന്നു.















