തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ഉടന്‍ ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയ്‌ക്ക് മുന്നോടിയായി ബുധനാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഈ വര്‍ഷത്തെ വേനല്‍മഴയില്‍ ഏറ്റവും മെച്ചപ്പെട്ട പോളിംഗ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. മഴ എത്തുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണം (ലോക്ഡൗണിന് സമാനമായ ജാഗ്രത പാലിക്കുക).
ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ചൂട് ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.















