തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വയനാടും ഇടുക്കിയും ഒഴികെ എല്ലായിടത്തും അത്യുഷ്ണ മുന്നറിയിപ്പ്. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇതോടെ വേനലിന് അറുതിയാകും. മഴ ലഭിക്കുന്നത് വരെ ഉയർന്ന താപനില തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് തുടങ്ങിയ നാല് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിക്കാനിരിക്കുന്നത്. 24 മണിക്കൂറിനുളളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ മുതൽ ഏപ്രിൽ 29 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.















