ഇസ്ലാമബാദ്: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ-ഇ-തൊയ്ബ ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദി അജ്ഞാതരായ തോക്കു ധാരികളുടെ വെടിയേറ്റ് മരിച്ചു. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ വച്ചാണ് കൊടും ഭീകരൻ വെടിയേറ്റ് ഛിന്നം ഭിന്നമായത്.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ലഷ്കർ ഇ-തൊയ്ബ കമാൻഡറായ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്ന കാര്യം സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അക്രമികൾ ഇയാൾക്ക് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. അഫ്രീദിക്ക് ഓടി രക്ഷപ്പെടാനുള്ള അവസരവും നൽകാതെയായിരുന്നു ആക്രമണം. പ്രദേശവാസികൾ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും തോക്കുധാരികൾ രക്ഷപ്പെട്ടിരുന്നു.
ഹഫീസ് സയീദിന്റെ വിശ്വസ്തനായ ഷെയ്ഖ് യൂസഫ് അഫ്രീദി ലഷ്കറിന്റെ മുൻ നിര നേതാക്കളിൽ ഒരാളാണ്. ഇന്ത്യവിരുദ്ധ പ്രവർ ത്തനങ്ങളിലും ഭീകര റിക്രൂട്ട്മെൻറിലും ഫണ്ടിംഗിലും ഇയാൾ സജീവമായിരുന്നു.
കഴിഞ്ഞ ദിവസം ലാഹോറിൽ ന്യൂസ് ചാനലിന് മുന്നിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഭീകരൻ അമീർ ഹംസ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇതിന് പിന്നാലെയാണ് ഒരു ലഷ്കർ കമാൻഡർ കൂടി വധിക്കപ്പെട്ടത്. ഇത്തവണ ഭീകരൻ മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് അജ്ഞാതർ സ്ഥലം വിട്ടത് എന്നാണ് റിപ്പോർട്ട്.
അടുത്തിനിടെയാണ് ഭീകരസംഘടനയുടെ മുൻനിരക്കാരായ താഹിർ ഫസൽ ചൗധരി, മൗലാന സുബൈർ സിദ്ദിഖി എന്നിവർ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ലഷ്കറിന്റെ രാഷ്‌ട്രീയ വിഭാഗത്തിന്റെ തലവനും സയീദിന്റെ സഹോദരനുമായ മൗലാന കാശിഫ് അലിയെ ഖൈബർ പഖ്തുൻഖ്വയിലെ വസതിയിൽ വച്ച് അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.















