കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ജഗദ്ദലില്‍ നടന്ന വമ്പന്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ബിജെപിയുടെ വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, മെയ് 4-ലെ ഫലപ്രഖ്യാപനത്തിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ വീണ്ടും ബംഗാളിലെത്തുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.
ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ വെറുമൊരു രാഷ്‌ട്രീയ പരിപാടിയായല്ല, മറിച്ച് ഒരു ആത്മീയ അനുഭവമായാണ് താന്‍ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോഡ് ഷോകളിലും പൊതുയോഗങ്ങളിലും ലഭിച്ച ജനപിന്തുണ ഒരു തീര്‍ത്ഥയാത്ര നടത്തുന്ന പ്രതീതിയാണ് നല്‍കിയത്. കാളി ഭക്തരുമായുള്ള സമ്പര്‍ക്കം തനിക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു. 2024 ജനുവരിയില്‍ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി നടത്തിയ 11 ദിവസത്തെ വ്രതാനുഷ്ഠാനത്തോടും ക്ഷേത്രദര്‍ശനങ്ങളോടും ഈ പ്രചാരണ കാലയളവിനെ അദ്ദേഹം ഉപമിച്ചു.
ബംഗാളിനോടുള്ള ആത്മബന്ധമാണ് ഈ ആത്മീയ അനുഭൂതിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസനത്തിന് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അംഗം (ബിഹാര്‍), വംഗം (ബംഗാള്‍), കലിംഗം (ഒഡീഷ) എന്നീ മൂന്ന് തൂണുകള്‍ ശക്തമായാല്‍ മാത്രമേ വികസിത ഭാരതം സാധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിലും ഒഡീഷയിലും നിലവില്‍ ബിജെപി ഭരണമാണെന്നും ഇനി ബംഗാളിന്റെ ഊഴമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ‘ഡബിള്‍ എഞ്ചിന്‍’ ഭരണത്തിലൂടെ തൊഴിലില്ലായ്മ പൂര്‍ണ്ണമായും പരിഹരിക്കും. അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണും. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നങ്ങളും വാഗ്ദാനങ്ങളും ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി, ബംഗാളിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ വീണ്ടെടുപ്പിന് ബിജെപി അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് തന്റെ അവസാന പൊതുസമ്മേളനം അവസാനിപ്പിച്ചത്.















