കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ 16 ദിവസമായി ഒളിവിലായിരുന്ന ഡോ സംഗീത നമ്പ്യാര്‍ ഇന്ന് രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂര്‍ എസിപി ഓഫീസില്‍ ഹാജരായത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെ തുടർന്നാണ് സംഗീത നമ്പ്യാര്‍ നേരിട്ട് ഹാജരായത്. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്.
സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമും, രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതി നാല് ഡോ സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതി ഡേ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു.നിതിന്റെ കുടുംബം നല്‍കിയ പരാതി പ്രകാരമാണ് ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും പ്രതിയാക്കിയത്. സംഗീത നമ്പ്യാര്‍ക്കെതിരെ പ്രത്യക്ഷത്തിലുള്ള തെളിവുകളില്ലെന്ന് പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.















