കാസർഗോഡ്: കാസർഗോഡ് 16 വയസ്സുകാരിയെ 28-കാരൻ വിവാഹം കഴിച്ച സംഭവത്തിൽ പെൺകുട്ടിയെ അടിയന്തരമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി. ഏപ്രിൽ 13-ന് നടന്ന വിവാഹത്തിന് പിന്നാലെ വരൻ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്വന്തം പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കൊപ്പം പെൺകുട്ടി കഴിയുന്നത് മൊഴി അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്നും, വിവാഹ രേഖകൾ നശിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടി നിലവിൽ സ്വന്തം പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കൊപ്പമാണ് താമസിക്കുന്നത്. ഇത് കുട്ടിയുടെ മൊഴിയെ സ്വാധീനിക്കാനും, പ്രതികൾക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ മാറ്റിയെടുക്കാനും സാധ്യതയുണ്ട്. വിവാഹം നടന്നതിന്റെ തെളിവുകൾ ഓരോന്നായി നശിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന് ആരോപണമുണ്ട്. കുട്ടിയെ സ്വാധീനിച്ച് കേസ് ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രതിഭാഗം നടത്തുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
നിലവിൽ വരൻ, കുട്ടിയുടെ പിതാവ്, പഞ്ചായത്ത് മെമ്പർ, ഉസ്താദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റവാളികളുടെ സ്വാധീനവലയത്തിൽ നിന്ന് കുട്ടിയെ മോചിപ്പിക്കാതെ നീതിപൂർവമായ അന്വേഷണം സാധ്യമാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.















