വടകര: തരിശുഭൂമികൾ നോക്കി നെടുവീർപ്പിടുന്ന മലയാളികൾക്ക് ബിഹാറിൽ നിന്നെത്തിയ ഒരു ‘അതിഥി’ വലിയൊരു പാഠം നൽകുകയാണ്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഈ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് 45-കാരനായ സിയാ ഉൽ ഹഖ്.
വടകര തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിൽ രണ്ടേക്കർ പാടം പാട്ടത്തിനെടുത്ത് സിയ കൊയ്തെടുത്തത് രണ്ട് ടൺ നെല്ലാണ്. വിത്ത് കൊണ്ടുവന്നത് ബംഗാളിൽനിന്നാണ്. പൊന്നി അരിക്ക് തുല്യമായ മേന്മയുള്ള അരിയാണ് സിയ ഉത്പാദിപ്പിച്ചത്. ഇതിനകം ഒന്നര ക്വിന്റൽ അരി വിറ്റുപോയി. കിലോയ്‌ക്ക് 57 രൂപ നിരക്കിലാണ് വില്പന.
12 വർഷം മുൻപാണ് ബിഹാറിലെ കിഷൻഗഞ്ചിൽ നിന്നും സിയ കേരളത്തിലെത്തുന്നത്. തെങ്ങുകയറ്റമായിരുന്നു പ്രധാന തൊഴിൽ. എന്നാൽ തന്റെ നാട്ടിൽ പിതാവിനൊപ്പം കൃഷിചെയ്ത ആ പഴയ കർഷകൻ സിയയുടെ ഉള്ളിൽ എപ്പോഴുമുണ്ടായിരുന്നു. കേരളത്തിലെ തരിശായി കിടക്കുന്ന വയലുകൾ കണ്ടപ്പോഴെല്ലാം അവിടെ വിത്തെറിയാൻ അദ്ദേഹം ആഗ്രഹിച്ചു. തിരുവള്ളൂർ ശാന്തിനഗറിലെ കുഞ്ഞമ്മദിന്റെ പാടത്ത് ഒരിക്കൽ നെല്ല് കൊയ്തിരുന്നു സിയ. അങ്ങനെ അദ്ദേഹവുമായി പരിചയമായി. ആ പരിചയത്തിൽ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തെ കണ്ട് ചോദിച്ചു; “ഈ പാടം എനിക്ക് കൃഷിചെയ്യാൻ തരുമോ.” സന്തോഷത്തോടെ കുഞ്ഞമ്മദ് സമ്മതിച്ചു.
ഏകദേശം 84,000 രൂപ കൃഷിക്കായി ചെലവായെങ്കിലും ലാഭനഷ്ടക്കണക്കുകളേക്കാൾ സിയയെ സന്തോഷിപ്പിക്കുന്നത് തനിക്കും നാട്ടുകാർക്കും അരി നൽകാൻ കഴിഞ്ഞു എന്നതാണ്. കൃഷി തുടരുമെന്ന് സിയ പറഞ്ഞു.















