റാഞ്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ കടൽപോലും വഴിമാറുമെന്ന് തെളിയിച്ചിരിക്കുകയാണ് റാഞ്ചി ധുർവ സ്വദേശിയായ ഏഴുവയസുകാരൻ ഇഷാങ്ക് സിംഗ്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള 29 കിലോമീറ്റർ ദൂരമാണ് ഈ കൊച്ചു നീന്തൽ താരം നീന്തിക്കടന്നത്.
വെറും 9 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ഇഷാങ്ക് ലക്ഷ്യസ്ഥാനത്തെത്തിയത്. പാക് കടലിടുക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഇഷാങ്ക് കരസ്ഥമാക്കി. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) ഇഷാങ്കിന്റെ നേട്ടം അംഗീകരിക്കുകയും ‘Youngest and Fastest Palk Strait Swimmer’ എന്ന സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.
ഏപ്രിൽ 30-നായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ഈ നീന്തൽ പ്രകടനം. തന്റെ സ്വപ്നത്തിലേക്കെത്താൻ റാഞ്ചിയിലെ ധുർവ ഡാമിൽ ദിവസവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ ഇഷാങ്ക് കഠിനമായ പരിശീലനം നടത്തിയിരുന്നു. പരിശീലകരായ അമൻ കുമാർ ജയ്സ്വാൾ, ബജ്‌റംഗ് കുമാർ എന്നിവരുടെ കീഴിലായിരുന്നു ഇഷാങ്കിന്റെ തയ്യാറെടുപ്പുകൾ.
റാഞ്ചിയിലെ ഡി.എ.വി ശ്യാമളി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാങ്ക്. തന്റെ ശിഷ്യന്റെ നേട്ടത്തിൽ സ്കൂൾ പ്രിൻസിപ്പൽ വലിയ സന്തോഷം പ്രകടിപ്പിച്ചു. ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മധ്യേയുള്ള പാക് കടലിടുക്കിലെ വെല്ലുവിളികൾ അതിജീവിച്ച ഇഷാങ്കിനെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നിരവധിയാളുകളാണ് അഭിനന്ദിക്കുന്നത്.















