ഹൈദരാബാദ് : തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ അമിതവേഗതയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തതെങ്കിലും ആറ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചും അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. നല്‍ഗൊണ്ട ജില്ലയിലെ ഒരു മരുന്നുകമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ പ്ലാന്റിന്റെ രണ്ടാം നിലയിലായിരുന്നു അപകടം. സ്‌ഫോടന സമയത്ത് പത്തോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. എട്ട് തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമായതിനാല്‍ അവരെ ഹൈദരാബാദിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെയാണ് ഒരാള്‍ മരണപ്പെട്ടത്. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. മറ്റ് തൊഴിലാളികളുടെ നില നിലവില്‍ തൃപ്തികരമാണ്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏപ്രിലിലും ഇതേ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.















