കോഴിക്കോട്: വേട്ടെണ്ണൽ ദിവസം കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്. മെയ് നാലിന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ 144 പ്രഖ്യാപിക്കുമെന്നും നിയമം ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, വലിയ ജാഥകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകും. രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.
ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണം എന്നും രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പ്രകടനങ്ങളിൽ വടി മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്.
വോട്ടെണ്ണലിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും കലക്ടർ അറിയിച്ചു.















