കണ്ണൂര്‍: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐതിഹാസികമായ പോരാട്ടം കാഴ്ചവെച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.പി. അബ്ദുള്‍ റഷീദിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയെ വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള എട്ട് പഞ്ചായത്തുകളിലും വോട്ട് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ അബ്ദുള്‍ റഷീദിന് സാധിച്ചു. വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ട് മുതല്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് ഉയര്‍ത്തി മുഖ്യമന്ത്രിയെ ആറാം റൗണ്ട് വരെ പിന്നിലാക്കിയ റഷീദ്, ഒരു ഘട്ടത്തില്‍ അട്ടിമറി വിജയം നേടുമെന്ന പ്രതീതി പോലും സൃഷ്ടിച്ചിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശപ്രകാരം അബ്ദുള്‍ റഷീദിന്റെ പൊതുവച്ചേരിയിലെ വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടമ്പൂര്‍, മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയോട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ റഷീദിനായി. ഒടുവില്‍ പെരളശ്ശേരിയിലെ വോട്ടുകളാണ് പിണറായി വിജയന്റെ ലീഡ് ഉയര്‍ത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി. ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും സമാനമായ രീതിയില്‍ മികച്ച പ്രകടനം അബ്ദുള്‍ റഷീദ് പുറത്തെടുത്തിരുന്നു. പാര്‍ട്ടിയുടെ കരുത്തുറ്റ കേന്ദ്രങ്ങളില്‍ ചെന്ന് വോട്ട് ചോര്‍ത്തുന്നതില്‍ റഷീദ് കാണിക്കുന്ന മികവ് രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















