പ്രയാഗ്രാജ്: മാറുന്ന യുദ്ധതന്ത്രങ്ങളെ ഇന്ത്യ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും അത്യാധുനിക സാങ്കേതികവിദ്യകള്‍ ആത്മവിശ്വാസത്തോടെ വിന്യസിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്നില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍, സെന്‍ട്രല്‍ കമാന്‍ഡുകളും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചറേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ‘നോര്‍ത്ത് ടെക് സിമ്പോസിയം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ നമ്മുടെ പ്രതിരോധ സേനയുടെ ധീരതയും ശേഷിയും ലോകത്തിന് കാട്ടിക്കൊടുത്തുവെന്ന് മന്ത്രി പറഞ്ഞു. ‘ആകാശ്തീര്‍, ആകാശ് മിസൈല്‍ സിസ്റ്റം, ബ്രഹ്‌മോസ് തുടങ്ങിയ തദ്ദേശീയമായ അത്യാധുനിക ആയുധശേഖരമാണ് ഈ ഓപ്പറേഷനില്‍ ഉപയോഗിച്ചത്. മാറുന്ന യുദ്ധരീതികളെ നാം ഉള്‍ക്കൊള്ളുന്നുവെന്നതിന്റെയും സാങ്കേതിക മുന്നേറ്റങ്ങള്‍ നടപ്പിലാക്കുന്നുവെന്നതിന്റെയും അനിഷേധ്യമായ തെളിവാണിത്,’ അദ്ദേഹം വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ വെറും മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ടാങ്കുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും ഡ്രോണുകളിലേക്കും സെന്‍സറുകളിലേക്കും യുദ്ധമുറകള്‍ മാറിയതായി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. ‘ദൈനംദിന ജീവിതത്തിന്റെ ഭാഗമായ വസ്തുക്കള്‍ പോലും മാരകായുധങ്ങളായി മാറുകയാണ്. ലെബനനിലും സിറിയയിലും നടന്ന പേജര്‍ ആക്രമണങ്ങള്‍ ആധുനിക യുദ്ധമുറകളെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നു. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ നാം സജ്ജരാകണം,’ അദ്ദേഹം പറഞ്ഞു.
ശത്രുവിനെ അപ്രതീക്ഷിതമായി പ്രഹരിക്കാന്‍ ശേഷിയുള്ള ‘എലമെന്റ് ഓഫ് സര്‍പ്രൈസ്’ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭാവിയിലെ യുദ്ധങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ലബോറട്ടറികളിലാണെന്നും ഗവേഷണത്തിന് ബദലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ ഗവേഷണത്തിന് സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഡി.ആര്‍.ഡി.ഒ വഴി ഇത് അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യം.
പുതിയ പോളിസി പ്രകാരം സാങ്കേതികവിദ്യ കൈമാറുന്നതിന് ഈടാക്കിയിരുന്ന 20 ശതമാനം ഫീസ് ഒഴിവാക്കി. ഇതുവരെ 2200-ലധികം സാങ്കേതികവിദ്യകള്‍ വ്യവസായ മേഖലയ്‌ക്ക് ഡി.ആര്‍.ഡി.ഒ കൈമാറിക്കഴിഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഡി.ആര്‍.ഡി.ഒയുടെ പേറ്റന്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ അനുമതി നല്‍കും. ഡി.ആര്‍.ഡി.ഒയുടെ ടെസ്റ്റിംഗ് ലാബുകള്‍ സ്വകാര്യ വ്യവസായങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ഹൈപ്പര്‍സോണിക് ആയുധങ്ങള്‍, അണ്ടര്‍വാട്ടര്‍ ഡൊമെയ്ന്‍ അവയര്‍നെസ്, ക്വാണ്ടം ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ചടങ്ങില്‍ സെന്‍ട്രല്‍ കമാന്‍ഡ് ജി.ഒ.സി ഇന്‍ സി ലഫ്റ്റനന്റ് ജനറല്‍ അനിന്ദ്യ സെന്‍ഗുപ്ത, നോര്‍ത്തേണ്‍ കമാന്‍ഡ് ജി.ഒ.സി ഇന്‍ സി ലഫ്റ്റനന്റ് ജനറല്‍ പ്രതീക ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍, എഐ അധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കുന്ന ഉപകരണങ്ങള്‍ എന്നിവ ആധുനിക യുദ്ധക്കളത്തില്‍ അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുന്നൂറോളം കമ്പനികളാണ് തങ്ങളുടെ നൂതന സാങ്കേതികവിദ്യകള്‍ സിമ്പോസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.















