പുനലൂർ: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുമായി യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിലായിരുന്നു സംഭവം.
ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ആനന്ദിന്റെ ബാഗിൽ നിന്നാണ് പണം കണ്ടെടുത്തത്. ഒരു ലക്ഷം രൂപ വീതമുള്ള 25 കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു തുക. പുനലൂർ റെയിൽവേ പോലീസ് എസ്.എച്ച്.ഒ പ്രദീപ് പി.കെ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ വലയിലായത്. വരും ദിവസങ്ങളിലും ട്രെയിനുകളിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.















