തൃശൂർ: ബെംഗളൂരുവിലെ തൊഴിലിടത്തിൽ വെച്ച് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായ തൃശൂർ സ്വദേശിനി സുനിത (47) അന്തരിച്ചു. വാടാനപ്പള്ളി പാത്തംകല്ല് സ്വദേശിനിയായ ഇവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രതിയായ ബെംഗളൂരുവിൽ നായ സംരക്ഷണ കേന്ദ്രം നടത്തുന്ന മലയാളി ദീപക് കൃഷ്ണനായി കർണാടക പോലീസ് തൃശൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടിൽ 140-ഓളം തെരുവുനായ്‌ക്കളെ സംരക്ഷിച്ചിരുന്ന സുനിതയ്‌ക്ക് മൃഗസ്നേഹം ഏറെയായിരുന്നു. സ്കൂളുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നൽകിയാണ് നായ്‌ക്കളെ വളർത്തിയിരുന്നത്. എന്നാൽ സ്കൂൾ അവധിക്കാലമായതോടെ നായ്‌ക്കൾക്ക് ഭക്ഷണം നൽകാൻ പ്രയാസമായി. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് ആളെ വേണമെന്ന പരസ്യം സുനിതയുടെ ശ്രദ്ധയിൽപ്പെടുന്നത്. മാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത പരസ്യം കണ്ട് ഏപ്രിൽ 17-നാണ് സുനിതയും ഭർത്താവും മറ്റ് രണ്ട് സ്ത്രീകളും ബെംഗളൂരുവിലേക്ക് പോയത്.
മെയ് 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇത് എതിർത്ത സുനിത നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തല ഭിത്തിയിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ സുനിതയെ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
പിടികിട്ടാനുള്ള പ്രതി ദീപക് കൃഷ്ണൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. 2024-ൽ കൊച്ചിയിൽ വെച്ച് ഒരു മൃഗഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കൊക്കെയ്ൻ കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ, സാമ്പത്തിക തട്ടിപ്പ് കേസിൽ ദുബായിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സുനിതയുടെ മരണത്തോടെ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നിലവിൽ വാടാനപ്പള്ളി പോലീസും ബെംഗളൂരു പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.















