കൊച്ചി: കായലിൽ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പോലീസിന് ലഭിച്ചത് ഒരു ജീവൻ. പളളുരുത്തി പുത്തൻപളളി സ്വദേശി സിറിളിനെയാണ് (67) പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഫോർട്ട് കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപമാണ് മൃതദേഹം ഒഴുകുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചത്.
ഉടൻ തന്നെ പോലീസ് സബ് ഇൻസ്പെക്ടർമാരായ സി. ആർ സിങ്, ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ബോട്ടിൽ തിരച്ചിലിനിറങ്ങി വെളളത്തിൽ പൊങ്ങിക്കിടന്ന ശരീരം ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നകിനിടെയാണ് ജീവനുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്.
ഉടൻ കരയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തേ ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടി ഭാഗത്ത് വെച്ച് കാൽതെറ്റി കായലിൽ വീണതാണെന്ന് സിറിൾ പോലീസിനോട് പറഞ്ഞു.















