ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടത്തില്‍ കരുത്ത് തെളിയിച്ചു. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ കോട്ട ഡിവിഷനില്‍ നടന്ന ട്രയല്‍ റണ്ണില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗത കൈവരിക്കാന്‍ ട്രെയിനിന് സാധിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഈ പുതിയ ട്രെയിന്‍ സര്‍വീസിനായി നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറി നിര്‍മ്മിച്ച ഈ സെമി-ഹൈസ്പീഡ് ട്രെയിന്‍ ഏപ്രിലിലാണ് പുറത്തിറക്കിയത്. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. കോട്ട-ചൗമഹ്ല-കോട്ട സെക്ഷനില്‍ നടന്ന പരീക്ഷണത്തില്‍ ട്രെയിനിന്റെ സുരക്ഷ, യാത്രാ സുഖം, സാങ്കേതിക പ്രകടനം എന്നിവ വിലയിരുത്തി.
ആധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും കോര്‍ത്തിണക്കിയാണ് പുതിയ വന്ദേ ഭാരത് ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള രൂപകല്‍പ്പന. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ‘കവച്’ സാങ്കേതികവിദ്യ, സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി അലാറം പുഷ് ബട്ടണുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുലുക്കങ്ങള്‍ കുറയ്‌ക്കുന്ന ‘ജെര്‍ക്ക് ഫ്രീ’ കപ്ലറുകള്‍, എര്‍ഗണോമിക് ഡിസൈനിലുള്ള ചാരിയിരിക്കാവുന്ന സീറ്റുകള്‍, വിശാലമായ ലെഗ്റൂം എന്നിവ ലഭ്യമാണ്.
സെന്‍ട്രല്‍ കണ്‍ട്രോള്‍ഡ് ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും പൂര്‍ണ്ണമായും സീല്‍ ചെയ്ത ഗാംഗ്വേകളും. ബയോ-വാക്വം ടോയ്ലറ്റുകള്‍, ദിവ്യാംഗരായ യാത്രക്കാര്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍, വായു ശുദ്ധീകരണത്തിനായി യുവി-സി ലാംപ് അധിഷ്ഠിത ഡിസിന്‍ഫെക്ഷന്‍ സിസ്റ്റം. ഇലക്ട്രിക്കല്‍ ക്യാബിനറ്റുകളിലും ശൗചാലയങ്ങളിലും എയറോസോള്‍ അധിഷ്ഠിത ഫയര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് സപ്രഷന്‍ സിസ്റ്റം.
ആല്‍സ്റ്റം ട്രാന്‍സ്‌പോര്‍ട്ട് ഇന്ത്യ ലിമിറ്റഡ് വികസിപ്പിച്ച പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് ഈ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ 8, 16, 20 എന്നിങ്ങനെ വിവിധ കോച്ച് കോണ്‍ഫിഗറേഷനുകളില്‍ വന്ദേ ഭാരത് സര്‍വീസ് നടത്തുന്നുണ്ട്. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യത്തെ റെയില്‍വേ യാത്രാ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ.















