ബീജിംഗ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ (ഓപ്പറേഷന്‍ സിന്ദൂര്‍) പാക്കിസ്ഥാന് സാങ്കേതിക കരുത്ത് പകരാന്‍ ചൈനീസ് വിദഗ്ധര്‍ നേരിട്ട് പങ്കുചേര്‍ന്നതായി വെളിപ്പെടുത്തല്‍. ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ സി.സി.ടി.വി നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ്’ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയിലെ (AVIC) ഉന്നത എന്‍ജിനീയര്‍മാര്‍ പാക്കിസ്ഥാനിലെ ബേസുകളില്‍ നേരിട്ടെത്തി സേവനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള വ്യോമയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് ചൈനീസ് എന്‍ജിനീയര്‍മാര്‍ പാക് മണ്ണിലുണ്ടായിരുന്നുവെന്ന് ഇതാദ്യമായാണ് ചൈന ഔദ്യോഗികമായി സമ്മതിക്കുന്നത്.
ഷെങ്ഡു എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍ജിനീയറായ സാങ് ഹാങ്, സംഘര്‍ഷ സമയത്ത് താന്‍ പാക്കിസ്ഥാനിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. യുദ്ധവിമാനങ്ങളുടെ ഇരമ്പലും വ്യോമപ്രതിരോധ സൈറണുകളും മുഴങ്ങുന്നതിനിടയില്‍ തങ്ങളുടെ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. ചൈന നിര്‍മ്മിത യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കാനും അറ്റകുറ്റപ്പണികള്‍ക്കുമാണ് ഇവര്‍ പ്രധാനമായും സഹായം നല്‍കിയത്. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മ്മിത J-10 CE വിമാനങ്ങള്‍ സംഘര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയെന്ന് ചൈനീസ് എന്‍ജിനീയര്‍മാര്‍ അവകാശപ്പെടുന്നു.
‘ഞങ്ങള്‍ നിര്‍മ്മിച്ച ഉപകരണം അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് കാണാനായി. സ്വന്തം കുഞ്ഞിനെ വളര്‍ത്തി വലുതാക്കി വിട്ടശേഷം ഒരു ആപത്തുഘട്ടത്തില്‍ സഹായിക്കാന്‍ എത്തിയ വികാരമായിരുന്നു അപ്പോള്‍,’ എന്ന് എന്‍ജിനീയര്‍ ഷി ഡ പറഞ്ഞു. പാക്കിസ്ഥാന്റെ ആയുധശേഖരത്തിന്റെ നട്ടെല്ലായി ചൈന മാറിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.പാക്കിസ്ഥാന്റെ പക്കലുള്ള ആയുധങ്ങളില്‍ 81% ചൈനീസ് നിര്‍മ്മിതമാണെന്ന് ഇന്ത്യന്‍ സൈന്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2015 മുതല്‍ ഏകദേശം 8.2 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് ചൈന പാക്കിസ്ഥാന് നല്‍കിയത്. ലോകത്തെ നാലാമത്തെ വലിയ ആയുധക്കയറ്റുമതിക്കാരായ ചൈനയുടെ വിദേശ വിപണിയുടെ 63 ശതമാനവും പാക്കിസ്ഥാനാണ്. ഇന്ത്യന്‍ സൈനിക നടപടികള്‍ക്കെതിരെ പാക്കിസ്ഥാന് ഗ്രൗണ്ട് ലെവല്‍ പിന്തുണ ചൈന നല്‍കി എന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.















