കൊച്ചി: പകൽ മുഴുവൻ യുക്തിവാദം വിളമ്പിയിട്ട് രാത്രിയുടെ മറവിൽ ക്ഷേത്രദർശനം….. കൊടുങ്ങല്ലൂർ ക്ഷേത്രമുറ്റത്ത് സഖാവ് പി. ജയരാജൻ എത്തിയ ദൃശ്യങ്ങൾ ജനം ടിവി പുറത്തുവിട്ടതിനു പിന്നാലെ, “ഞാൻ ഭക്തനല്ല, പുസ്തകം എഴുതാൻ വെറുതെ ഒന്ന് എത്തിനോക്കിയതാണ്” എന്ന വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. താൻ പോയത് പ്രാർത്ഥിക്കാനല്ല, മറിച്ച് പുസ്തകരചനയുടെ ഭാഗമായി ഗവേഷണം നടത്താനാണെന്നാണ് സഖാവിന്റെ വിശദീകരണം.
“സനാതനികളുടെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകമെഴുതാൻ കൊടുങ്ങല്ലൂർ കാവിൽ പോയി അവിടുത്തെ ‘രഹസ്യ അറ’ തപ്പി നടന്ന സഖാവ്, ചാനലുകളിൽ വാർത്ത വന്നതോടെ താനൊരു ഭക്തനല്ലെന്ന് ആവർത്തിച്ചു ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. താൻ ക്ഷേത്രത്തിൽ പോയത് പ്രാർത്ഥിക്കാനല്ലെന്നും ചരിത്രാന്വേഷണത്തിന്റെ ഭാഗമാണെന്നുമാണ് പി. ജയരാജൻ വ്യക്തമാക്കുന്നത്. യാത്രയ്‌ക്കിടയിൽ ഉച്ചഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോൾ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ചരിത്രപരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കയറിയതാണെന്നും, ഇതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സമൂഹത്തെയും ജനവിശ്വാസങ്ങളെയും ആഴത്തിൽ പഠിക്കാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ശ്രമമാണിതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ന്യായീകരണം. എങ്കിലും, ഒരു യുക്തിവാദിയായ നേതാവ് ക്ഷേത്രപരിസരത്ത് എത്തിയത് ‘ഗവേഷണ’ത്തിന്റെ ഭാഗമാണെന്ന വാദം സോഷ്യൽ മീഡിയ പരിഹാസത്തോടെയാണ് സ്വീകരിക്കുന്നത്. ചാനൽ വാർത്തകൾക്ക് പിന്നാലെ താൻ ഭക്തനല്ലെന്ന് ബോധ്യപ്പെടുത്താൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ രാഷ്‌ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.















