ലക്നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ 6.15 ഓടെ ലക്നൗവിലെ സിവിൽ ആശുപത്രിയിൽ മരിച്ചനിലയിലാണ് പ്രതീക് യാദവിനെ എത്തിച്ചത്. മരണകാരണം വ്യക്തമല്ല.
കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം മരിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
മുലായം സിങ് യാദവിന്റെയും രണ്ടാം ഭാര്യ സാധന ഗുപ്തയുടെയും മകനാണ് പ്രതീക്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് അർദ്ധ സഹോദരനാണ്. യുപി വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്സണും ബിജെപി നേതാവുമായ അപർണ യാദവാണ് ഭാര്യ. കഴിഞ്ഞ ജനുവരിയിൽ പ്രതീകും അപർണയും ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.
2022 ലാണ് മുലായം സിംഗ് യാദവ് അന്തരിച്ചത്. രാഷ്‌ട്രീയത്തിൽ നിന്നും അകലം പാലിച്ചായിരുന്നു പ്രതീകിന്റെ ജീവിതം. റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ഫിറ്റ്നസ് പ്രേമിയായ പ്രതീക് 2016ലാണ് ലക്നൗവിൽ ആദ്യം ജിം തുറന്നത്. പ്രതീക് യാദവിന്റെ നിര്യാണത്തില് ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.















