ബെംഗളൂരു: തുമക്കൂരുവിലെ മദ്രസയിൽ ക്രൂരമായ പീഡനത്തിനിരയായ 24 കുട്ടികളെ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. ബിഹാർ സ്വദേശികളായ ഇവർ തുമക്കൂരു അംലാപുരയിലെ ജാമിയ അറേബ്യ ഹസീനിയ ട്രസ്റ്റ് എന്ന മദ്രസയിൽ നിന്നാണ് രക്ഷപ്പെട്ടോടിയത്. മദ്രസയിലെ മൗലവി മൗലാലി തങ്ങളെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും ജോലിയെടുക്കാൻ വിസമ്മതിച്ചാൽ കല്ലെറിയുകയും ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് കുട്ടികൾ വെളിപ്പെടുത്തി.
കുട്ടികളുടെ പരാതിയെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും കേസ് തുമക്കൂരുവിലേക്ക് കൈമാറുകയും ചെയ്തു. നിലവിൽ തുമക്കൂരു റൂറൽ പോലീസ് സ്റ്റേഷനിൽ മൗലവിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട്, ബാലവേല നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.















