ന്യൂഡല്‍ഹി: സി ബി എസ് ഇ സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഉത്തരവിറക്കി . 2026-27 അധ്യയന വര്‍ഷം മുതല്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് മെയ് 15-ന് ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. 2026 ജൂലൈ 1 മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരും.ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായാണ് ഈ മാറ്റം.
വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. വിദേശ ഭാഷ പഠിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ വിദേശ ഭാഷ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ വിദേശ ഭാഷ നാലാമതൊരു അധിക ഭാഷയായി പഠിക്കാവുന്നതാണ്.
ഏപ്രിൽ മാസം തന്നെ ഈ അധ്യയന വർഷം ആരംഭിച്ചതിനാൽ, താൽക്കാലികമായ ചില ക്രമീകരണങ്ങളോടെയായിരിക്കും പരിഷ്കാരം നടപ്പിലാക്കുക. പുതിയ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്നത് വരെ, നിലവിലെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൂന്നാമത്തെ ഭാഷയ്‌ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാമെന്ന് സി ബി എസ് ഇ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ പ്രാദേശിക സാഹിത്യകൃതികളും കഥകളും കവിതകളും അധികമായി ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ ജൂണ്‍ 15-നകം പുറത്തിറക്കും.
ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ സ്കൂളുകൾക്ക് താൽക്കാലിക ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്കൂളുകൾ തമ്മിൽ അധ്യാപകരെ പങ്കിടുക, ഹൈബ്രിഡ് ക്ലാസുകൾ നൽകുക, വിരമിച്ച അധ്യാപകരെയും തത്തുല്യ യോഗ്യതയുള്ള പി.ജി ബിരുദധാരികളെയും നിയമിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്കൂളുകൾക്ക് സ്വീകരിക്കാം















