തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി പ്രതിനിധികളും ഭാഗമാകും. ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. വി.ഡി. സതീശന് നേരിട്ട് ഫോണില്‍ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തനിക്കൊപ്പം ബിജെപിയുടെ മറ്റ് രണ്ട് നിയമസഭാംഗങ്ങള്‍ കൂടി ചടങ്ങില്‍ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്, ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാര്‍ എന്നിവരാണ് ചടങ്ങില്‍ ബിജെപിയെ പ്രതിനിധീകരിച്ച് എത്തുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
പുതിയ സര്‍ക്കാരിന് തന്റെ ആശംസകള്‍ അറിയിച്ചതായും മാന്യമായ ക്ഷണത്തിന് നന്ദി രേഖപ്പെടുത്തിയതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ജനാധിപത്യപരമായ മര്യാദകളുടെ ഭാഗമായാണ് ഈ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്. പുതിയ സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ ബിജെപി എംഎല്‍എമാരുടെ സാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിലും ശ്രദ്ധേയമായിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ് ബുക്ക് പോസ്റ്റ്
നിയുക്ത മുഖ്യമന്ത്രി V D Satheeshan എന്നെ ഫോണില്‍ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന് എന്റെ നന്ദിയും ആശംസകളും അറിയിച്ചു. ബിജെപി/എന്‍ഡിഎ മുന്നണിയിലെ എന്റെ സഹ എംഎല്‍എമാരും സഹപ്രവര്‍ത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.















