പാലക്കാട്: വേനൽമഴ പെയ്തിറങ്ങിയതോടെ പാടശേഖരങ്ങൾ ഒന്നാംവിള കൃഷിക്കായി ഒരുക്കേണ്ട സമയമായിട്ടും, കൈയിൽ കാശില്ലാതെ എന്ത് ചെയ്യണമെന്നറിയാത്ത കടുത്ത പ്രതിസന്ധിയിലാണ് പാലക്കാട്ടെ നെൽക്കർഷകർ. രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞ് സംഭരിച്ച നെല്ലിന്റെ പണം ലഭ്യമാകാത്തതാണ് കർഷകരെ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നെല്ല് നൽകി മൂന്ന് മാസം പിന്നിട്ടിട്ടും അർഹമായ തുക കർഷകരുടെ കൈകളിൽ എത്തിയിട്ടില്ല. പലയിടങ്ങളിലും ഇപ്പോഴും സംഭരണം പോലും പൂർത്തിയാകാതെ ടൺ കണക്കിന് നെല്ല് കെട്ടിക്കിടക്കുകയാണ്.
വൈകിയാണെങ്കിലും സംഭരിച്ച നെല്ലിന്റെ തുക കിട്ടാത്തതിനാൽ അടുത്ത കൃഷിക്കായി നിലമൊരുക്കാനോ വളം വാങ്ങാനോ കർഷകർക്ക് സാധിക്കുന്നില്ല. ട്രാക്ടർ വാടക നൽകാനും പാട്ടക്കുടിശ്ശിക തീർക്കാനുമെല്ലാം വീണ്ടും പലിശക്കാർക്ക് മുന്നിൽ കൈനീട്ടേണ്ട ഗതികേടിലാണ് ഇവർ. ഇതിനിടയിൽ പെയ്ത വേനൽമഴ കർഷകരുടെ ദുരിതം ഇരട്ടിയാക്കി. സംഭരിക്കാതെ പാടത്തും വീട്ടുപറമ്പിലും കിടക്കുന്ന നെൽച്ചാക്കുകൾ നനയാതെ സൂക്ഷിക്കാൻ കർഷകർ ഏറെ പാടുപെടുകയാണ്. പല കർഷകർക്കും നെല്ല് സംഭരിച്ചതിന്റെ രസീത് (PRS) പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള നെല്ല് സംഭരണ പദ്ധതി പാളിയതോടെയാണ് സപ്ലൈകോ പഴയതുപോലെ ചുമതല ഏറ്റെടുത്തത്. എന്നാൽ ഏത് ബാങ്ക് വഴിയാണ് കർഷകർക്ക് പണം വിതരണം ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു വ്യക്തതയുമില്ല. ഭരണസംവിധാനങ്ങളുടെ ഈ അനാസ്ഥ കർഷകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.















