മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസൺ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു. നിലവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ചിട്ടുള്ളത്. ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾക്കായി ഇപ്പോൾ ഏഴു ടീമുകളാണ് സജീവമായി രംഗത്തുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നിർണായക വിജയം നേടിയതോടെ ഡൽഹി ക്യാപിറ്റൽസും തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്തിയിട്ടുണ്ട്.
കഴിഞ്ഞ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്സും പരാജയപ്പെട്ടത് ചെന്നൈ സൂപ്പർ കിങ്സിനാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്തിരിക്കുന്നത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് ആറ് വിജയവും ആറ് തോൽവിയുമായി 12 പോയിന്റോടെ ആറാം സ്ഥാനത്താണ് ചെന്നൈ. വരാനിരിക്കുന്ന മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയും ഗുജറാത്ത് ടൈറ്റൻസിനെയും പരാജയപ്പെടുത്തിയാൽ ചെന്നൈയ്‌ക്ക് 16 പോയിന്റാകും.
ഒരു മത്സരം മാത്രം ബാക്കിയുള്ള ഗുജറാത്ത് ടൈറ്റൻസിന് നിലവിൽ 16 പോയിന്റുണ്ട്. ചെന്നൈയ്‌ക്കെതിരെയാണ് അവരുടെ സീസണിലെ അവസാന പോരാട്ടം. അടുത്ത രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ ഒരെണ്ണമോ, പഞ്ചാബ് കിങ്സ് ബാക്കിയുള്ള ഒരു കളിയോ തോറ്റാൽ ചെന്നൈയുടെ പ്ലേ ഓഫ് കാര്യങ്ങൾ കൂടുതൽ സുഗമമാകും. എന്നാൽ, ചെന്നൈ ഇനി ഒരു മത്സരം മാത്രമാണ് ജയിക്കുന്നതെങ്കിൽ അവരുടെ സാധ്യതകൾ മങ്ങും. അങ്ങനെയെങ്കിൽ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ച് മാത്രമായിരിക്കും നേരിയ സാധ്യത. അതായത്, 13 പോയിന്റുള്ള പഞ്ചാബ് അടുത്ത മത്സരത്തിൽ തോൽക്കുകയും 12 പോയിന്റുള്ള രാജസ്ഥാൻ തങ്ങളുടെ രണ്ട് കളികളും പരാജയപ്പെടുകയും ചെയ്താൽ മാത്രമേ 14 പോയിന്റുമായി ചെന്നൈയ്‌ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകൂ. അതേസമയം, വരാനിരിക്കുന്ന രണ്ട് കളികളും തോറ്റാൽ ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾ പൂർണ്ണമായും അവസാനിക്കും.















