റിയാദ്: സൗദി മണ്ണിലെ തന്റെ മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ കിരീടമധുരവുമായി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദമാക്ക് എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് റൊണാള്‍ഡോയുടെ അല്‍ നസര്‍ ക്ലബ്ബ് സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായി. ഏഴ് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അല്‍ നസര്‍ ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിടുന്നത്. ഈ സീസണില്‍ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റ് അക്കൗണ്ടിലാക്കിയാണ് ടീമിന്റെ ഈ സുവര്‍ണ്ണ നേട്ടം.
വിജയമുറപ്പിച്ച അവസാന വിസിലിന് പിന്നാലെ കരിയറിലെ മറ്റൊരു വലിയ നേട്ടത്തിന്റെ വികാരഭരിതനായ റൊണാള്‍ഡോ മൈതാനത്ത് ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കളിയുടെ 33-ാം മിനിറ്റില്‍ സാദിയോ മാനെയിലൂടെ അല്‍ നസറാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ കളം നിറഞ്ഞുകളിച്ച അല്‍ നസര്‍ മൂന്ന് ഗോളുകള്‍ കൂടി എതിരാളികളുടെ വലയിലെത്തിച്ചു. 51-ാം മിനിറ്റില്‍ കിങ്സ്ലി കോമാന്‍ ലീഡ് ഉയര്‍ത്തിയപ്പോള്‍, 62, 80 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ കിരീട വിജയം പൂര്‍ത്തിയാക്കി.
2023-ല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് ക്രിസ്റ്റ്യാനോ സൗദിയിലേക്ക് ചേക്കേറിയത് ആഗോള ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. റൊണാള്‍ഡോയുടെ വരവോടെ ലോക ശ്രദ്ധയാകര്‍ഷിച്ച സൗദി ലീഗിലേക്ക് പിന്നീട് വന്‍കിട താരങ്ങളുടെ ഒഴുക്കാണ് ഉണ്ടായത്. ഇംഗ്ലണ്ട് (പ്രീമിയര്‍ ലീഗ്), സ്‌പെയിന്‍ (ലാ ലിഗ), ഇറ്റലി (സീരി എ) എന്നീ മൂന്ന് മുന്‍നിര യൂറോപ്യന്‍ ലീഗുകളിലും അഞ്ച് ചാമ്പ്യന്‍സ് ലീഗുകളിലും കിരീടം നേടിയ റൊണാള്‍ഡോയുടെ ട്രോഫി ഷെല്‍ഫിലേക്ക് ഇതോടെ സൗദി പ്രോ ലീഗ് കിരീടവും ചേരുകയാണ്.















