പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം ചൂടി ലെന്‍സ് ചരിത്രം കുറിച്ചു. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നീസിനെ (പരാജയപ്പെടുത്തിയാണ് ലെന്‍സ് തങ്ങളുടെ സ്വപ്നതുല്യമായ സീസണിന് സമാപ്തി കുറിച്ചത്. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പര്‍ സ്ട്രൈക്കര്‍ ഫ്ലോറിയന്‍ തൗവിന് ആണ് ലെന്‍സിന്റെ വിജയശില്പി.
ഫ്രഞ്ച് ലീഗ് വണ്ണില്സീസണിലുടനീളം വമ്പന്മാരായ പാരീസ് സെന്റ് ഷെര്മെയ്നുമായി കടുത്ത പോരാട്ടം കാഴ്ചവെച്ച ലെന്‍സ്, ലീഗിന്റെ അവസാന ആഴ്ചകളില്‍ പിഎസ്ജിയുടെ വമ്പന്‍ റിസോഴ്സുകളോട് പൊരുതാനാകാതെ ആറ് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് കളി അവസാനിപ്പിച്ചത്. എന്നാല്‍, ഫ്രഞ്ച് കപ്പിലെ ഈ വിജയം കോച്ച് പിയറി സേജിന്റെ കീഴില്‍ യുവതാരങ്ങളെയും പരിചയസമ്പന്നരെയും കോര്‍ത്തിണക്കി മികച്ച പ്രകടനം പുറത്തെടുത്ത ലെന്‍സ് ടീമിന് അര്‍ഹിച്ച അംഗീകാരമായി.
സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന മത്സരത്തിന്റെ 25-ാം മിനിറ്റില്‍ തൗവിന് തന്നെയാണ് ലെന്‍സിനായി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും തൗവിന് സ്വന്തമാക്കി. ഒന്നാം പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ തൗവിന് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലാക്കി ഒഡ്സോണ്‍ എഡ്വേര്‍ഡ് ലെന്‍സിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
തൊട്ടടുത്ത മിനിറ്റില്‍ തന്നെ ജിബ്രില്‍ കൂലിബാലിയിലൂടെ ഒരു ഗോള്‍ മടക്കി നീസ് പോരാട്ട വീര്യം പുറത്തെടുത്തു. എന്നാല്‍ കളി അവസാനിക്കാന്‍ 12 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ നീസ് പ്രതിരോധത്തെ മറികടന്ന് അബ്ദല്ല സിമ നേടിയ ഗോള്‍ ലെന്‍സിന്റെ കന്നി ഫ്രഞ്ച് കപ്പ് കിരീടം ഉറപ്പിച്ചു (31). മത്സരത്തില്‍ രണ്ട് തവണ പന്ത് പോസ്റ്റിലിടിച്ച് മടങ്ങിയത് നീസിന് നിര്‍ഭാഗ്യമായി. ലീഗിന്റെ അവസാന വാരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ ഉലയുന്ന നീസിന് ഈ തോല്‍വി കടുത്ത ആഘാതമായി.
മാര്‍ച്ച് പകുതിക്ക് ശേഷം ലീഗില്‍ ഒരു വിജയം പോലും നേടാനാകാത്ത നീസ് പട്ടികയില്‍ അവസാന മൂന്നാം സ്ഥാനത്താണ് സീസണ് അവസാനിപ്പിച്ചത്. ഇനി ഫ്രഞ്ച് ലീഗില്‍ നിലനില്ക്കാന് റെലഗേഷന് പ്ലേ ഓഫ് മത്സരത്തില്‍ സെന്റ് എറ്റിയന്നിനെതിരെ നീസിന് വിജയിക്കേണ്ടതുണ്ട്. കളിക്കളത്തിലെ റഫറിമാരോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക കാമ്പെയ്ന്റെ ഭാഗമായി റഫറി ജെറോം ബ്രിസാര്‍ഡ് ധരിച്ച ജേഴ്സി ഫൈനല്‍ മത്സരത്തെ വ്യത്യസ്തമാക്കി. 84-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് അദ്ദേഹം കളി നിയന്ത്രിച്ചത്.
ഫ്രാന്‍സില്‍ നടന്ന ഒരു സര്‍വേയില്‍ 84 ശതമാനം ആളുകളും ‘റഫറിമാരെ വിലമതിക്കുന്നത് കായികരംഗത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്’ എന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നമ്പര്‍ തിരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ റഗ്ബി, ബാസ്കറ്റ്ബോള്‍ തുടങ്ങിയ മറ്റ് കായിക വിനോദങ്ങളിലെ റഫറിമാരും ഇതേ നമ്പരുള്ള ജേഴ്സി ധരിച്ച് മത്സരങ്ങള്‍ നിയന്ത്രിക്കും.















