ലക്നൗ: യുപിയിൽ ബക്രീദ് ദിനത്തിൽ തുറസ്സായ സ്ഥലങ്ങളിൽ മൃഗബലിയും നിസ്കാരവും പാടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയത്.
പള്ളി പരിസരത്ത് മാത്രമേ നിസ്കാരം നടത്താവൂ എന്നും ഒരു സാഹചര്യത്തിലും പൊതുസ്ഥലങ്ങളിലോ റോഡുകളിലോ പ്രാർത്ഥന നടത്തരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടുള്ള പരിപാടികൾ പാടില്ല. വിശ്വാസികളുടെ എണ്ണം കൂടുതലാണെങ്കിൽ വിവിധ ഘട്ടങ്ങളായി നിസ്കാരം നടത്തണം.
തുറസ്സായ സ്ഥലങ്ങളിൽ മൃഗബലി നടത്തരുത്. നിയമപ്രകാരം നിരോധനമുള്ള മൃഗങ്ങളെയും ബലി നൽകരുത്. മൃഗബലിക്ക് ശേഷം വൃത്തിഹീനമായ സാഹചര്യങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്നും ഈദ്ഗാഹുകളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും മതിയായ പോലീസുകാരെ വിന്യസിക്കണമെന്നും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.















