ന്യൂഡല്‍ഹി: ജര്‍മനിയിലെ മ്യൂണിക്കില്‍ അരങ്ങേറുന്ന റൈഫിള്‍ ഷൂട്ടിങ് ലോകകപ്പില്‍ ഭാരതത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഒളിമ്പ്യന്‍ മനു ഭാക്കര്‍ ഇറങ്ങുന്നു. മൂന്ന് വ്യത്യസ്ത ഇനങ്ങളിലാണ് മനു ഇത്തവണ ലക്ഷ്യം വെക്കുന്നത്. യുവനിരയ്‌ക്കും പരിചയസമ്പന്നര്‍ക്കും തുല്യ പ്രാധാന്യം നല്‍കി നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച 22 അംഗ ശക്തമായ ഇന്ത്യന്‍ പടയെ മനു ഭാക്കര്‍ നയിക്കും.
ഈ മാസം 31 വരെ നീണ്ടുനില്‍ക്കുന്ന കടുത്ത പോരാട്ടങ്ങള്‍ക്കാണ് മ്യൂണിക്ക് വേദിയാകുന്നത്. പിസ്റ്റള്‍ വിഭാഗത്തിലെ രണ്ട് വ്യക്തിഗത മത്സരങ്ങളിലും, ഒപ്പം മിക്‌സഡ് ടീം ഇനത്തിലുമാണ് മനു ഭാക്കര്‍ ഭാരതത്തിനായി അണിനിരക്കുക. മനുവിനൊപ്പം ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും തിളങ്ങിയ പ്രമുഖ താരം ഇഷാ സിങ്ങും ഇന്ത്യന്‍ സംഘത്തിലുണ്ട്. 80 രാജ്യങ്ങളില്‍ നിന്നായി 696 ലോകോത്തര ഷൂട്ടര്‍മാരാണ് മാറ്റുരയ്‌ക്കുന്നത്.
മത്സരങ്ങള്‍ നാളെ ആരംഭിക്കും. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, എയര്‍ റൈഫിള്‍ ഇനങ്ങളിലാണ് ആദ്യ മെഡല്‍ പോരാട്ടങ്ങള്‍. സീസണിലെ ആദ്യ ലോകകപ്പില്‍ ഇതിനകം തന്നെ ഭാരതം ഒരു സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. കരുത്തുറ്റ താരങ്ങളുമായി ഇറങ്ങുന്ന ഇന്ത്യ, ആദ്യ ലോകകപ്പിലെ സ്വര്‍ണ്ണനേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ മ്യൂണിക്കിലും വന്‍ മെഡല്‍ കൊയ്‌ത്ത് തന്നെയാണ് ലക്ഷ്യമിടുന്നത്.















