തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. എല്‍ദോസ് തനിക്കെതിരെ പീഡനശ്രമം നടത്തിയിട്ടില്ലെന്ന് കാണിച്ച് പരാതിക്കാരിയായ യുവതി കോടതിയില്‍ മൊഴി മാറ്റി. നെയ്യാറ്റിന്‍കര കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി പരാതിക്കാരി മൊഴി മാറ്റിയത്. മൊഴി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരിക്ക് പുറമെ കേസിലെ മറ്റ് മൂന്ന് പ്രധാന സാക്ഷികളും കോടതിയില്‍ കൂറുമാറിയിട്ടുണ്ട്.
വര്‍ഷങ്ങളായുള്ള പരിചയത്തിന്റെ പേരില്‍ എം.എല്‍.എ തന്നെ അടിമലത്തുറയിലെ റിസോര്‍ട്ടിലും തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വസതികളില്‍ വെച്ചും പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മുന്‍പത്തെ പരാതി. കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എല്‍ദോസ് കുന്നപ്പിള്ളിയെ കൂടാതെ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ കേസിന്റെ വിചാരണാ ഘട്ടത്തില്‍ പരാതിക്കാരി ഉള്‍പ്പെടെയുള്ള പ്രധാന സാക്ഷികള്‍ ഒന്നിച്ച് നിലപാട് മാറ്റിയത് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.















