ന്യൂഡല്‍ഹി: വിയറ്റ്നാമുമായുള്ള ബ്രഹ്‌മോസ് മിസൈല്‍ കരാറിന് പിന്നാലെ പ്രതിരോധ കയറ്റുമതി രംഗത്ത് ഇന്ത്യയ്‌ക്ക് വീണ്ടും വന്‍ നേട്ടം. അയല്‍രാജ്യമായ അസര്‍ബൈജാനുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അര്‍മേനിയ, ഇന്ത്യയില്‍ നിന്ന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത പുതുതലമുറ ‘ആകാശ് എന്‍.ജി’ വ്യോമപ്രതിരോധ സംവിധാനവും ‘പ്രളയ്’ ബാലിസ്റ്റിക് മിസൈലുകളുമാണ് ഇക്കുറി അര്‍മേനിയ ലക്ഷ്യമിടുന്നത്.
2022-ല്‍ 6000 കോടി രൂപ ചെലവഴിച്ച് 15 ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അര്‍മേനിയ ഇന്ത്യയില്‍ നിന്ന് വാങ്ങിയിരുന്നു. ശത്രുക്കളുടെ വിമാനങ്ങളും ഡ്രോണുകളും ഒരേസമയം തകര്‍ക്കാന്‍ ശേഷിയുള്ള ഈ ഇടത്തരം മിസൈല്‍ സംവിധാനത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഇതിന്റെ പരിഷ്‌കരിച്ച രൂപമായ ‘ആകാശ് എന്‍.ജി’ സ്വന്തമാക്കാന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചത്. പഴയ പതിപ്പിന് 25 കിലോമീറ്റര്‍ വരെയായിരുന്നു പരിധിയെങ്കില്‍, പുത്തന്‍ ആകാശിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാനാകും.
ശബ്ദത്തേക്കാള്‍ രണ്ടര മടങ്ങ് വേഗതയിലാണ് ഈ മിസൈല്‍ കുതിക്കുക. പഴയതിലെ ‘രാജേന്ദ്ര 3ഡി’ റഡാറിന് പകരം ‘എയ്‌സ’ എന്ന അത്യാധുനിക റഡാറാണ് ഇതിലുള്ളത്. അസര്‍ബൈജാന്‍ ഉപയോഗിക്കുന്ന തുര്‍ക്കിയുടെ പ്രശസ്തമായ ബൈരക്തര്‍ ഡ്രോണുകളെയും ചാവേര്‍ ഡ്രോണുകളെയും കൃത്യമായി കണ്ടെത്താന്‍ ഈ റഡാറിന് സാധിക്കും. നിലവില്‍ ഇന്ത്യയുടെ പിനാക റോക്കറ്റ് ലോഞ്ചറുകള്‍ അര്‍മേനിയയുടെ പക്കലുണ്ട്. 75 മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ പരിധി. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ മധ്യദൂര പ്രഹരശേഷിയുള്ള ‘പ്രളയ്’ മിസൈലുകളിലേക്കാണ് അര്‍മേനിയ ഇപ്പോള്‍ കണ്ണ് വെച്ചിരിക്കുന്നത്.
ഭൂനിരപ്പിനോട് ചേര്‍ന്ന് പറക്കാനും യാത്രയ്‌ക്കിടയില്‍ ദിശമാറ്റാനും കഴിയുന്ന അര്‍ദ്ധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. അതിനാല്‍ ശത്രു റഡാറുകള്‍ക്ക് ഇതിനെ കണ്ടെത്തുക എളുപ്പമല്ല. 150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈലുകളില്‍ 1000 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കള്‍ നിറയ്‌ക്കാനാകും.
സുഖോയ് യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, ടാങ്ക് വിരുദ്ധ മിസൈലുകള്‍ എന്നിവയ്‌ക്ക് പുറമെയാണ് അര്‍മേനിയ ഇന്ത്യയില്‍ നിന്ന് പുതിയ ആയുധങ്ങള്‍ വാങ്ങുന്നത്. യുദ്ധക്കളത്തില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ അസര്‍ബൈജാന് കനത്ത പ്രഹരമേല്‍പ്പിക്കുന്നുണ്ടെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളിലുള്ള അര്‍മേനിയയുടെ ഈ തുടര്‍ച്ചയായ വിശ്വാസം ആഗോള പ്രതിരോധ വിപണിയില്‍ ഇന്ത്യയുടെ പദവി ഇരട്ടിയാക്കുകയാണ്.















