തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയില്‍ ഇ.ഡി റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അടിയന്തിര വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് നേരിട്ട് വ്യക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കാണ് (ഡി.ജി.പി) ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഗവര്‍ണറുടെ ആവശ്യപ്രകാരം ഡി.ജി.പി ഫോണിലൂടെ വിളിച്ച് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഏജന്‍സിക്ക് സുരക്ഷയൊരുക്കുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന രീതിയില്‍ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്ഭവന്റെ ഈ അടിയന്തിര ഇടപെടല്‍.
സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലും അക്രമത്തിലും ഒരു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനും ഇ.ഡി സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന മൂന്ന് ഔദ്യോഗിക വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.















