തിരുവനന്തപുരം: സി.എം.ആര്‍.എല്‍ – എക്‌സാലോജിക് കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെയും കൂട്ടാളികളുടെയും വീടുകളില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹ സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.
തങ്ങള്‍ നിയമത്തിന് മുകളിലാണെന്ന സി.പി.എമ്മിന്റെ ധാര്‍ഷ്ട്യമാണ് ഈ അക്രമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. സി.പി.എം നേതാക്കള്‍ക്കെതിരെ വ്യവസ്ഥാപിതമായി ഒരന്വേഷണം നടത്താന്‍ പോലും സാധിക്കാത്ത വിധം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനെത്തിയ കേന്ദ്ര ഉദ്യോഗസ്ഥരെ കല്ലും കട്ടയുമെടുത്ത് വധിക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന പോലീസ് കാഴ്‌ച്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. പോലീസിന്റെ ഈ മൃദുസമീപനമാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ വഴിയൊരുക്കിയത്.
എക്‌സാലോജിക് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ഒരുപോലെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. അതുകൊണ്ടാണ് ഇ.ഡി അന്വേഷണത്തോട് സഹകരിക്കാന്‍ പോലീസും തയ്യാറാകാത്തത്. നിയമപരമായ വഴിയിലൂടെ നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയനും കൂട്ടര്‍ക്കും അവസരമുണ്ടായിരിക്കെ, ഉദ്യോഗസ്ഥരെ ആക്രമിച്ച് അന്വേഷണം തടസ്സപ്പെടുത്താന്‍ നോക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും കുമ്മനം വ്യക്തമാക്കി.
കേരളത്തെ മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴിലുള്ള പശ്ചിമ ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് മാറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. നിയമവാഴ്ച അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും ബി.ജെ.പി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.















