കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണ ക്യാമ്പസ് സ്ഥാപക ഡയറക്ടര്‍ പ്രൊഫ. (ഡോ.) അനില്‍ കുമാര്‍ വടവാതൂര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. ഭാരത സര്‍ക്കാരിന്റെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ദക്ഷിണേന്ത്യക്കായി അനുവദിച്ച ഈ മാധ്യമ പരിശീലന ക്യാമ്പസ് കേവലം 10 വര്‍ഷംകൊണ്ട് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കിയ നേട്ടവുമായാണ് ഡോ. അനില്‍ കുമാര്‍ പടിയിറങ്ങുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഐ ഐ എം സി ക്യാമ്പസ്സിനുവേണ്ടി നല്‍കിയ ഭൂമി ഏറ്റെടുക്കുന്നത് തുടങ്ങി 4000ത്തില്‍പ്പരം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മന്ദിര സമുച്ചയം സജ്ജമാക്കിയതും, അത്യാധുനിക അക്കാദമിക് സൗകര്യങ്ങള്‍ ഉറപ്പാക്കിയതും ദക്ഷിണേന്ത്യയിലെ മുന്‍നിര അക്കാദമിക് – അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വാര്‍ത്താ-വിനിമയ മേഖലയിലെ നാഴികക്കല്ലുകള്‍ വിശദമാക്കുന്ന ദൃശ്യ-ശ്രാവ്യ പവിലിയനായ കം-മ്യൂസിയം രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത് പ്രൊഫ. അനില്‍ കുമാറിന്റെ മറ്റൊരു നേട്ടമാണ്.
ക്യാമ്പസിലെ അക്കാദമിക് – ഹോസ്റ്റല്‍ മന്ദിരങ്ങളുടെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെയും തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റുഡിയോ, ആധുനിക സോഫ്‌ട്വെയറുകള്‍ സജ്ജീകരിച്ച ലബോറട്ടറി, ഡിജിറ്റലധിഷ്ഠിതമായ ലൈബ്രറി, സെമിനാര്‍ ഹാള്‍, വിവേകാനന്ദ മഞ്ച്, കമ്മ്യൂണിറ്റി റേഡിയോ സൗകര്യം തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി. ഗുരു വന്ദനം, സ്‌കോളര്‍ ഇന്‍ ക്യാമ്പസ്, കരിയേഴ്‌സ് ഇന്‍ കമ്മ്യൂണിക്കേഷന്‍ ക്യാമ്പയിന്‍, ഹിന്ദി സുവിധ, ക്യാമ്പസ് റീഡ്‌സ്, ഹ്യൂമന്‍ ലൈബ്രറി എന്നീ നവീന പദ്ധതികള്‍ക്ക് പുറമേ ഒട്ടേറെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതിലൂടെ കോട്ടയം ക്യാമ്പസ്സിനെ ഐ ഐ എം സി ക്യാമ്പസ്സുകളുടെ ഒന്നാം നിരയിലേക്ക് ഉയര്‍ത്തി. പൂര്‍ണമായും മലയാളത്തിലുള്ള ജേര്‍ണലിസം കോഴ്‌സ് രാജ്യത്താദ്യമായി കോട്ടയം ക്യാമ്പസ്സില്‍ നടപ്പിലാക്കിയതും മറ്റാരുമല്ല.
ജനപ്രിയ ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌ക്കാരവും, രാജേന്ദ്ര പ്രഭു ഷീല്‍ഡും നേടിയിട്ടുള്ള പ്രൊഫ. അനില്‍ കുമാറിന് വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനും, ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുമുള്ള അര ഡസനോളം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും, പോപ്പുലര്‍ സയന്‍സ് – ബാല സാഹിത്യ ഗ്രന്ഥ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം 75 ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്.















