തിരുവനന്തപുരം: കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. കോളേജ് വാർഷികാഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെയാണ് അക്രമി സംഘം കോളേജിനുള്ളിൽ എത്തിയത്. വിദ്യാർത്ഥികളെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. കൂർത്ത വള ഉപയോഗിച്ച് വിദ്യാർത്ഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.















