കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചും അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയും രണ്ട് പ്രധാന എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. സന്ദീപൻ സാഹ, ഋതബ്രത ബാനർജി എന്നീ എംഎൽഎമാരെയാണ് തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടൻ പ്രാബല്യത്തോടെ പുറത്താക്കിയത്. ഇവർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സംഘടനയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും ചെയ്‌തെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.
സംസ്ഥാന നിയമസഭയിലെ ‘വ്യാജ ഒപ്പ്’ വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ നേതാക്കളെ പുറത്താക്കിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭൻദേബ് ചട്ടോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തുകൊണ്ട് മെയ് 20-ന് പാർട്ടി നേതൃത്വം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിൽ 70 എം.എൽ.എമാരുടെ ഒപ്പുകളുണ്ടായിരുന്നു . എന്നാൽ സമർപ്പിക്കപ്പെട്ട കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയതാണെന്ന് ആരോപിച്ച് സന്ദീപൻ സാഹയും ഋതബ്രത ബാനർജിയും നിയമസഭാ സ്പീക്കർ രതീന്ദ്ര ബസുവിന് ഔദ്യോഗികമായി പരാതി നൽകി.
സ്പീക്കറുടെ നിർദ്ദേശത്തെ തുടർന്ന് ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഈ വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ കേസ് നിലവിൽ സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡായ സി.ഐ.ഡി അന്വേഷിക്കുന്നു . വ്യാജ ഒപ്പ് കേസിൽ കുറ്റക്കാരനായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും ഭാരതീയ ന്യായ സംഹിത അനുസരിച്ച് നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരാതിക്കാരായ രണ്ട് എംഎൽഎമാരെയും തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.















