തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരവും നടിയുമായ ജൂലി എന്ന മരിയ ജൂലിയാന. വിജയ് ഫാൻസിൽ നിന്നും ടിവികെയുടെ പ്രവര്‍ത്തകരിൽ നിന്നും അതിക്രൂരമായ സൈബർ ആക്രമണം നേരിട്ടെന്നും, തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്ന് തന്റെ ഗര്‍ഭം അലസിയെന്നുമാണ് ജൂലി ആരോപിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ചെന്നൈ പൊലീസില്‍ പരാതി നല്‍കിയതായും ജൂലി പറയുന്നു.
മാര്‍ച്ചില്‍ താന്‍ എട്ട് പേര്‍ക്കെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിജയ് അധികാരം ഏറ്റെടുത്തിന് പിന്നാലെ തന്റേത് ക്രിമിനല്‍ കേസല്ലെന്നും സിവില്‍ കേസാണെന്നും ചൂണ്ടിക്കാണിച്ച് പോലീസ് നോട്ടീസ് അയച്ചു. അതിനുശേഷം തനിക്കെതിരെ 15 ലക്ഷം രൂപയുടെ വൃക്ക തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നുവന്നു. ഇതിനെല്ലാം പിന്നില്‍ ഒരു ടിവികെ പ്രവര്‍ത്തകനായ അഭിഭാഷകനാണ്.
ഞാന്‍ വിവാഹം കഴിച്ചേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി. ടിവികയ്‌ക്കെതിരെ സംസാരിച്ചാൽ അവരെ അപകീർത്തിപ്പെടുത്തുകയാണ്. എനിക്ക് എന്റെ കുട്ടിയെ നഷ്ടപ്പെട്ടതിന് വിജയ് അണ്ണനാണ് ഉത്തരവാദി. അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ഫാൻസുകാർ പിൻമാറിയേനെ. എന്റെ കുട്ടി ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു, പൊട്ടിക്കരഞ്ഞ് കൊണ്ട് ജൂലി പറയുന്നു.
വിജയ് അണ്ണൻ മുഖ്യമന്ത്രിയായത് ഇൻസ്റ്റാഗ്രാമിലൂടെയാണെന്ന് ആളുകൾ പറയുന്നു. തനിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനുപകരം, പൊതുജനങ്ങൾക്കായി എന്തെങ്കിലും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതല്ലേ എന്നും ജൂലി ചോദിക്കുന്നു.















