സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആഗോള സാമ്പത്തിക രംഗത്ത് വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7-നെ മറികടന്ന് ബ്രിക്‌സ് സഖ്യം മുന്നേറുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍. വരും നാളുകളില്‍ ഈ സാമ്പത്തിക വിടവ് ഇനിയും വര്‍ദ്ധിക്കുമെന്നും ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കേന്ദ്രം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് പുതിന്‍ പശ്ചാത്യ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഈ കാലയളവിലെ ആഗോള ജിഡിപി വളര്‍ച്ചയുടെ പകുതിയോളം അതായത് 49 ശതമാനവും സംഭാവന ചെയ്തത് ബ്രിക്‌സ് രാജ്യങ്ങളാണ്. എന്നാല്‍ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 18 ശതമാനത്തില്‍ ഒതുങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വരും വര്‍ഷങ്ങളില്‍ ജി7 രാജ്യങ്ങളുടെ ശരാശരി വളര്‍ച്ചാ നിരക്ക് പരമാവധി 1.1 ശതമാനം മാത്രമായിരിക്കുമ്പോള്‍, ബ്രിക്‌സ് സഖ്യം 4 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണ് പുതിന്റെ പ്രവചനം. യഥാര്‍ത്ഥത്തില്‍ 2020-ല്‍ തന്നെ ബ്രിക്‌സ് ജി7 രാജ്യങ്ങളെ സാമ്പത്തിക വലുപ്പത്തില്‍ പിന്നിലാക്കിയിരുന്നു. നിലവില്‍ ആഗോള കയറ്റുമതിയുടെ 20 ശതമാനവും നിയന്ത്രിക്കുന്നത് ബ്രിക്‌സ് സഖ്യമാണ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വ്യാപാരം പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടതായും റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ബ്രിക്‌സ് സഖ്യത്തിന്റെ വളര്‍ച്ച യുഎസ് ഡോളറിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും, സഖ്യത്തിലെ അംഗരാജ്യങ്ങള്‍ക്ക് മേല്‍ 100% താരിഫ് ചുമത്തുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിന്റെ ഈ ശക്തമായ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായാണ് ഇന്ത്യയെ വ്‌ളാഡിമിര്‍ പുതിന്‍ വിശേഷിപ്പിച്ചത്. ആഗോള സോഫ്റ്റ്വെയര്‍ വിപണിയില്‍ ഇന്ത്യ ചെലുത്തുന്ന വലിയ സ്വാധീനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
വിവരസാങ്കേതിക വ്യവസായ രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിലവില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്‌സ് സഖ്യത്തില്‍ അംഗങ്ങളാണ്. ഈ വര്‍ഷത്തെ (2026) ബ്രിക്‌സ് കൂട്ടായ്മയുടെ അധ്യക്ഷപദവി ഇന്ത്യയ്‌ക്കാണ്.















