തൃശ്ശൂർ: മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റിയിരുന്നു.
എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിൽ ഭാഗത്തേക്ക് വീഴുന്നത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.