തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ഉയര്‍ന്നുവന്ന ബന്ധുനിയമന വിവാദങ്ങള്‍ക്ക് ഒടുവില്‍ ആദ്യ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് പദവി രാജിവെച്ചു. ബന്ധുനിയമനം പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. ബെന്നി തോമസ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശനാണ് കൈമാറിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ മന്ത്രി സണ്ണി ജോസഫിനെതിരെ പാര്‍ട്ടി നേതാക്കള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളെ ശക്തമായി എതിര്‍ത്ത യുഡിഎഫ്, ഭരണത്തിലെത്തിയപ്പോള്‍ ആ നിലപാടുകള്‍ മറന്നത് ശരിയായില്ലെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും, സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം വിവാദങ്ങള്‍ക്ക് വഴിമരുന്ന് ഇടരുതായിരുന്നുവെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ കെപിസിസി യോഗത്തിലെ കടുത്ത ആക്ഷേപങ്ങള്‍ക്ക് ശേഷവും മന്ത്രി തന്റെ തീരുമാനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ബെന്നി തോമസിനെ നിയമിച്ചത് കേവലം ബന്ധുവായതുകൊണ്ടല്ലെന്നും, പൊതുരംഗത്തെ അദ്ദേഹത്തിന്റെ നീണ്ടകാലത്തെ പരിചയസമ്പത്ത് കണക്കിലെടുത്താണെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ നിയമനത്തില്‍ യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും, വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.















