മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രമുഖ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി രണ്ട് വര്‍ഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റില്‍. മംഗളൂരു സൗത്ത് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നിസാം, ഇയാളുടെ കൂട്ടാളി ജിതേഷ് എന്നിവരെയാണ് ഉര്‍വ പോലീസ് അറസ്റ്റ് ചെയ്തത്. വ്യവസായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യവസായിയുടെ ചില സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കിയ പ്രതികള്‍, ഇവ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് തുടങ്ങിയത്. മാനഹാനി ഭയന്ന് വ്യവസായി ആവശ്യപ്പെട്ട തുകയെല്ലാം പ്രതികള്‍ക്ക് നല്‍കി വരികയായിരുന്നു.
ബ്ലാക്ക്മെയിലിംഗ് തുടരുന്നതിനിടയില്‍ തട്ടിപ്പിന് പുതിയൊരു വഴിത്തിരിവുണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തങ്ങളില്‍ ഒരാള്‍ (ജിതേഷ്) ആത്മഹത്യ ചെയ്തതായും അതിന് ഉത്തരവാദി വ്യവസായിയാണെന്ന് എഴുതിവെച്ച കത്ത് പോലീസിന്റെ പക്കലുണ്ടെന്നും പ്രതികള്‍ ഇയാളെ വിശ്വസിപ്പിച്ചു. കേസില്‍ അറസ്റ്റിലാകാതിരിക്കാനും ജയില്‍ശിക്ഷ ഒഴിവാക്കാനുമായി തുടര്‍ന്നും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഭീഷണി തുടരുകയായിരുന്നു.
ഈ ഭയം കാരണം 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഘട്ടംഘട്ടമായി 2.77 കോടി രൂപയാണ് വ്യവസായിക്ക് നഷ്ടപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ദിവസം മംഗളൂരു നഗരത്തില്‍ വെച്ച്, ആത്മഹത്യ ചെയ്തുവെന്ന് പ്രതികള്‍ വിശ്വസിപ്പിച്ച ജിതേഷിനെ വ്യവസായി നേരില്‍ കാണുകയായിരുന്നു. താന്‍ ക്രൂരമായി വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഉടന്‍ തന്നെ പോലീസിനെ സമീപിച്ചു.
പരാതി രജിസ്റ്റര്‍ ചെയ്തയുടന്‍ തന്നെ പോലീസ് പ്രതികളെ വലയിലാക്കി. ഈ ബ്ലാക്ക്മെയിലിംഗ് തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നും സമാനമായ രീതിയില്‍ മറ്റ് ആരെങ്കിലും വഞ്ചിതരായിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.