കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ കുനാൽ ഘോഷിന് നേരെ ചീമുട്ടയേറ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വസതിയിൽ നിന്ന്പു റത്തിറങ്ങുന്നതിനിടെയായിരുന്നു മുട്ടയേറ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പ്രദേശവാസിയായ ചന്ദ്രൻ എന്ന യുവാവിന്റെ നേതൃത്വത്തിലാണ് മുട്ടയെറിഞ്ഞത്. തൃണമൂൽ കോൺഗ്രസ് ജനങ്ങളെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ലെന്നും കുനാൽ ഘോഷും ഒട്ടും പിന്നിലല്ലെന്നും അയാൾ ഇത് അർഹിക്കുന്നുണ്ടെന്നും ചന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
#WATCH | Kolkata, West Bengal: A local youth throws an egg on TMC MLA Kunal Ghosh who was leaving from the residence of party chairperson Mamata Banerjee. pic.twitter.com/CHscjF6qFb
— ANI (@ANI) June 15, 2026
മുതിർന്ന ടിഎംസി നേതാവും എംഎൽഎയുമായ മദൻ മിത്രയ്‌ക്ക് നേരെയും കഴിഞ്ഞ ദിവസം സമാനമായ പ്രതിഷേധമുണ്ടായിരുന്നു. കമർ ഹട്ടിയിലാണ് സംഭവം. മിത്രയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി ചീമുട്ടയെറിയുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങിയവരിൽ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുമുണ്ട്. സൗത്ത് 24 പർഗാനാസിലെ സോനാർപൂർ സന്ദർശനത്തിനിടെയാണ് പ്രതിഷേധക്കാർ മുട്ടയും കല്ലും എറിഞ്ഞത്. നിങ്ങൾ ഞങ്ങളുടെ നാടിനെ നശിപ്പിച്ചെന്നും ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ട് പോയാൽ മതിയെന്നും പറഞ്ഞാണ് അഭിഷേക് ബാനർജിക്ക് നേരെ ജനങ്ങൾ പ്രതിഷേധിച്ചത്.















