ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യവുമായി എയര്‍ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കായി ‘ബേസിക് ഫെയര്‍’ എന്ന പുതിയ ടിക്കറ്റ് വിഭാഗമാണ് കമ്പനി അവതരിപ്പിച്ചത്. അധിക സേവനങ്ങള്‍ ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് ചെലവ് കുറച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
പുതിയ ബേസിക് ഫെയര്‍ വിഭാഗത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 15 കിലോഗ്രാം വരെ ചെക്ക്-ഇന്‍ ബാഗേജും 7 കിലോഗ്രാം വരെ കാബിന്‍ ബാഗേജും അനുവദിക്കും. കൂടാതെ യാത്രയ്‌ക്കിടെ സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും. എന്നാല്‍ സാധാരണ ഇക്കണോമി ടിക്കറ്റുകളില്‍ ഉള്‍പ്പെടുന്ന സൗജന്യ ഭക്ഷണം ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കില്ല. അതേസമയം, ഭക്ഷണം ആവശ്യമുള്ള യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.
യാത്രയ്‌ക്ക് 24 മണിക്കൂര്‍ മുമ്പ് വരെ അധിക തുക നല്‍കി വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍, ജെയിന്‍, ഡയബറ്റിക് ഭക്ഷണങ്ങള്‍ പ്രീ-ബുക്ക് ചെയ്യാം. വിമാന സമയത്തില്‍ മാറ്റമുണ്ടായാല്‍ പ്രീ-ബുക്ക് ചെയ്ത ഭക്ഷണം അടുത്ത വിമാനത്തിലേക്ക് മാറ്റുകയോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തുക തിരികെ നല്‍കുകയോ ചെയ്യും. വ്യത്യസ്ത വിഭാഗം യാത്രക്കാരുടെ ആവശ്യങ്ങളും യാത്രാ ശീലങ്ങളും പരിഗണിച്ചാണ് ഉപഭോക്തൃ സൗഹൃദമായ ഈ മാറ്റമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
2024-ല്‍ അവതരിപ്പിച്ച വാല്യൂ, ക്ലാസിക്, ഫ്‌ലെക്‌സ് എന്നീ ഫെയര്‍ കാറ്റഗറികള്‍ക്ക് പുറമെയാണ് ഇപ്പോള്‍ ബേസിക് ഫെയറും അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കസ്റ്റമര്‍ കെയര്‍ സെന്റര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫീസുകള്‍ എന്നിവയിലൂടെ മാത്രമാണ് ബേസിക് ഫെയര്‍ ടിക്കറ്റുകള്‍ ലഭ്യമാകുക.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയോട് യാത്രക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ റൂട്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. കുറഞ്ഞ ചെലവില്‍ വിമാനയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.















