ന്യൂഡല്‍ഹി: മൂന്നു മാസത്തിലധികം നീണ്ടുനിന്ന ഇറാന്‍-ഇസ്രായേല്‍-യുഎസ് തര്‍ക്കങ്ങള്‍ക്കും യുദ്ധഭീതിക്കുമൊടുവില്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്ക് ആശ്വാസവാര്‍ത്ത. വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് ഇറാനും അമേരിക്കയും തമ്മില്‍ ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലോകരാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യയ്‌ക്ക് വലിയ നയതന്ത്ര-സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കുന്നതാണ് ഈ പുതിയ നീക്കം.
ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് അയവുണ്ടാകുന്നത് ആഗോള വിപണിക്ക് കരുത്താകും. യുഎസ് ഇറാന് മേലുള്ള പിടി അയയ്‌ക്കുന്നതോടെ ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്കാണ് പുതിയ ചിറകുകള്‍ മുളയ്‌ക്കുന്നത്. കരാറിന്റെ ഭാഗമായി ഇറാന്റെ എണ്ണ വ്യാപാരത്തിന്മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന ഉപരോധങ്ങള്‍ക്ക് താത്കാലിക ഇളവുകള്‍ അനുവദിക്കും. ഇതോടെ ഇന്ത്യയ്‌ക്ക് മറ്റൊരു പ്രധാന എണ്ണ സ്രോതസ്സ് കൂടി തുറക്കപ്പെടുകയാണ്.
ഒരുകാലത്ത് ഇറാന്റെ ഏറ്റവും വലിയ എണ്ണ പങ്കാളികളില്‍ ഒന്നായിരുന്ന ഇന്ത്യയ്‌ക്ക്, ഈ നീക്കം ആഭ്യന്തര വിപണിയില്‍ വലിയ ആശ്വാസം പകരും. ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്ത് ഇന്ത്യയ്‌ക്ക് വന്‍ നിക്ഷേപമുണ്ട്. എന്നാല്‍ യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ചബഹാര്‍ തുറമുഖം വഴി പാകിസ്ഥാനെ മറികടന്ന് മധ്യേഷ്യന്‍ രാജ്യങ്ങളുമായി നേരിട്ട് വ്യാപാരം നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.
ഇത് ഇന്ത്യയുടെ വലിയൊരു തന്ത്രപരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കരാറിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ഇറാനിലേക്ക് ഒഴുകുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇത് യുഎസോ മറ്റ് രാജ്യങ്ങളോ നല്‍കുന്ന സൗജന്യ സഹായമല്ല. മറിച്ച്, വര്‍ഷങ്ങളായി അമേരിക്കയും വിവിധ അന്താരാഷ്‌ട്ര ബാങ്കുകളും മരവിപ്പിച്ചു വെച്ചിരുന്ന ഇറാന്റെ സ്വന്തം പണമാണ് അവര്‍ക്ക് തിരികെ ലഭിക്കുന്നത്. ഏകദേശം 25 ബില്യണ്‍ യുഎസ് ഡോളര്‍ (ഇന്ത്യന്‍ മൂല്യം 2,08,000 കോടിയിലധികം രൂപ) ആണ് തിരികെ നല്‍കുക.
അമേരിക്കന്‍ ബാങ്കുകളില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ഈ ഫണ്ടുകള്‍ നേരിട്ടുള്ള പണമിടപാടുകളായും ക്രെഡിറ്റ് ലൈനുകളായും റിലീസ് ചെയ്യും. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച രാജ്യങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും ഈ വന്‍ തുക ഇറാനിലെത്തുക. വര്‍ഷങ്ങളായി ഉപരോധങ്ങള്‍ കാരണം സ്വന്തം പണം പോലും തൊടാന്‍ കഴിയാതിരുന്ന ഇറാന് ഈ തീരുമാനം വലിയൊരു സാമ്പത്തിക ഉത്തേജനമാകും. അതോടൊപ്പം മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.















